Monday, April 11, 2011

പായലിനും പൂപ്പലിനും വിട, എന്നെന്നേക്കും വിട! -ഒ. അബ്ദു‌ല്ല

പായലിനും പൂപ്പലിനും വിട, എന്നെന്നേക്കും വിട! -ഒ. അബ്ദു‌ല്ല
"മിയാന്‍ തുഫൈല്‍ മുഹമ്മദ്, ഒ അബ്ദുല്ല, ഹമീദ് വാണിമേല്‍- പായലേ വിട, പൂപ്പലേ വിട, എന്നെന്നേക്കും വിട''- ജമാഅത്തെ ഇസ്ലാമിയുടെ  മുന്‍ രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ പാര്‍ട്ടി അംഗത്വമടക്കം സകലതും കനോലി തോടിലേക്കു വലിച്ചെറിഞ്ഞ് ഹിറാ സെന്ററില്‍ നിന്നു പുറത്തുകടന്നതിനെ തുടര്‍ന്നുണ്ടായ അമര്‍ഷം ഏതോ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ എസ്.എം.എസ് വഴി പ്രചരിപ്പിച്ചതാണ് പരാമൃഷ്ട വാചകം. എന്നാല്‍, ഉപഭൂഖണ്ഡത്തിലെ ജമാഅത്തിന്റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ നിന്നു കുടിയൊഴിഞ്ഞുപോയ പൂപ്പലുകളുടെ പേരുവിവരം പറയവെ അതിന്റെ തുടക്കംതന്നെ വിവരക്കേടായി. പാക് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നു രാജിവച്ചു പുറത്തുപോയ ആള്‍ മിയാന്‍ തുഫൈല്‍ മുഹമ്മദ് എന്ന താരതമ്യേന വിവരംകുറഞ്ഞ അതിന്റെ മുന്‍ അമീര്‍ അല്ല. മറിച്ച്, അമീന്‍ ഹസന്‍ ഇസ്ലാഹി എന്ന പ്രശസ്ത പണ്ഡിതനാണ്. ആ മഹാപണ്ഡിതനോടു ചേര്‍ത്തുപറയേണ്ടതല്ല ഒ അബ്ദുല്ല, ഹമീദ് വാണിമേല്‍ മുതലായ പേരുകള്‍. വിജ്ഞാനസാഗരമായ മൌലാന വഹിദുദ്ദീന്‍ ഖാന്‍, ശംസ്പീര്‍ സാദാ, സയ്യിദ് ഹാമിദലി മുതലായ പ്രഗല്ഭമതികളായ പ്രതിഭാധനന്മാരുടെ ഒരു നിരതന്നെയുണ്ട് അക്കൂട്ടത്തില്‍ കൂട്ടേണ്ടതായി.

എന്നെ പുറത്തേക്കെറിയാന്‍ ജമാഅത്ത്നേതാവ് ശെയ്ഖ്മുഹമ്മദ് കാരക്കുന്ന് പി.എം.എ സലാം എം.എല്‍.എയോട് പറഞ്ഞ കാരണം, എന്റെ ലേഖനങ്ങള്‍ ജമാഅത്തിനെ മുസ്ലിംലീഗ് അടക്കം ഇതരമുസ്ലിം സംഘടനാ സമുച്ചയത്തില്‍ നിന്ന് അകറ്റാന്‍ കാരണമാക്കുന്നു എന്നായിരുന്നു. ജമാഅത്ത് ചുറ്റുമതിലിനകത്തു നിന്നു ഞാന്‍ പുറത്തായിട്ടു പത്തുവര്‍ഷം പൂര്‍ത്തിയാവാറായി. ലേഖനങ്ങള്‍ മൂലമോ പ്രസംഗങ്ങള്‍ വഴിയോ സംഘടനയ്ക്കുണ്ടായ മുറിവുകള്‍ ഉണങ്ങി തദ്സ്ഥാനത്ത് പുതിയ ചര്‍മം വന്നു ബന്ധങ്ങള്‍ പൂര്‍വാധികം ശക്തിപ്പെടാന്‍ ഈ കാലം ധാരാളമാണ്. പക്ഷേ, സംഭവിച്ചതോ? സമുദായത്തില്‍ അതിനോടു കൂട്ടുചേരാനോ അതിന്റെ കുറിയില്‍ നറുക്കുകൂടാനോ ഒരുത്തനുമില്ല. സമ്പൂര്‍ണ ഏകാന്തത. അവസാനം പല മുസ്ലിം സംഘടനകളും കോട്ടക്കല്‍ യോഗംചേര്‍ന്നു ജമാഅത്തിന്റെ പേരില്‍ മയ്യിത്ത് നമസ്കരിച്ചു അതിനെ മറമാടേണ്ട തെമ്മാടിക്കുഴി അടയാളപ്പെടുത്തുക കൂടി ചെയ്തു. വീണ്ടും സലാമിനെ കാണുമ്പോള്‍ എന്തുപറയും ശെയ്ഖ് സാഹിബ്. ഇസ്ലാം സമ്പൂര്‍ണമാണ്, സമഗ്രമാണ് എന്ന പരമസത്യംകൊണ്ട് ചോദ്യങ്ങളെ നേരിടാനാവുമോ?

ഇപ്പോഴോ? ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍മുജാഹിദീന്‍ എന്ന ഭീകരപ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും വിദേശത്തു നിന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം സഹായം ലഭിക്കുന്ന ജമാഅത്ത് കശ്മീരിനെ വേറിട്ടു കാണുന്നവരാണെന്നും ദേശാഭിമാനിയും പാര്‍ട്ടി സെക്രട്ടറിയും നിരന്തരം ആരോപണമുന്നയിച്ചിട്ടും പിണറായിയുടെയും പാലോളിയുടെയും കാല്‍ക്കല്‍ വീണ് പാപമോചനത്തിന്റെ സുജൂദിലേര്‍പ്പെട്ടിരിക്കയാണ് ജമാഅത്ത് നേതൃത്വം.

സി.പി.എമ്മിനോടുള്ള അനുസരണം (ഇബാദത്ത്) നിരുപാധികവും നിര്‍വിശേഷവും ആവണമെന്നു നിര്‍ബന്ധമുള്ളതിനാലാവണമല്ലോ ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും കൂടിക്കാഴ്ചയ്ക്ക് ചട്ടവട്ടം കെട്ടിയ ഹമീദിനെ വിഡ്ഢിയാക്കിക്കൊണ്ട് പിണറായിയുമായി നേതൃത്വം രാഷ്ട്രീയ കൂടിക്കാഴ്ച നടത്തിയത്. അതും മല പിണറായിയുടെ അടുത്തേക്കു ചെന്നുകൊണ്ട്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണെങ്കില്‍ അവര്‍ ഹിറാ സെന്ററിലേക്കു വന്നുകൊള്ളണം; പിണറായിയാണെങ്കില്‍ പിണറായിയില്‍ വച്ചായാലും ആലപ്പുഴയിലെ ശവക്കോട്ട പാലത്തിനപ്പുറത്തുവച്ചായാലും ഞങ്ങള്‍ അങ്ങോട്ടുചെല്ലാം എന്ന വിനീതവിധേയത്വത്തിന്റെ രാഷ്ട്രീയ പൊരുളെന്ത്? ഇതിനെയാണോ കിനാലൂര്‍ ഇംപാക്ട് എന്നു പറയേണ്ടത്? നിലവിലെ വി.എസ് സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാവണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നൂവെന്നാണു വിശദീകരണം. കൊള്ളാം. എന്നാല്‍ നിലവിലെ വി.എസ് സര്‍ക്കാര്‍, പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെയും മറ്റു നിഷ്പക്ഷ നിരീക്ഷകരുടെയും വിശദീകരണമനുസരിച്ച് പീഡനങ്ങളുടെയും വഞ്ചനയുടെയും തുടര്‍ക്കഥയാണ്.

അതായത്, 2006ല്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരിനെ ജമാഅത്ത് കലവറകൂടാതെ പിന്താങ്ങി. ജമാഅത്തിന്റെയും യജമാനന്റെയും വോട്ട് കൂട്ടിയപ്പോള്‍ ആ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു നല്ല ഭൂരിപക്ഷം കിട്ടി. എന്നാല്‍, സത്യപ്രതിജ്ഞ കഴിഞ്ഞ് ദര്‍ബാര്‍ഹാളിലെ ആരവം അടങ്ങുംമുമ്പേ കോഴിക്കോട് മാവൂര്‍റോഡിലെ പാര്‍ട്ടി ഓഫിസായ ഹിറാ സെന്ററില്‍ നിന്ന് അന്നേരം മുഴങ്ങിയത് ഒരാര്‍ത്തട്ടഹാസമാണ്. ഏതോ ഒരു ഭീകരപുസ്തകം (ബോംബല്ല) കണ്ടുകെട്ടാന്‍ ചാനലുകളെ മുന്‍കൂട്ടി വിവരമറിയിച്ചശേഷം മാധ്യമപ്പടയുടെ സാന്നിധ്യത്തില്‍ കോടിയേരി പോലിസ് ഹിറാസെന്റര്‍ പരതാന്‍ പാഞ്ഞെത്തിയത് അന്തേവാസികളെ അമ്പരപ്പിച്ചു. തടിയന്റവിടനസീര്‍ ജയിലില്‍ പോവുംമുമ്പ് വായിച്ച പുസ്തകങ്ങളിലൊന്ന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മൌദൂദിയുടെ ഏതോ ഒരു പുസ്തകമാണ്. ആ പുസ്തകമായിരുന്നുവത്രെ പോലിസിന്റെ ലക്ഷ്യം. വഷളാക്കലല്ല, പുസ്തകം പിടിച്ചെടുക്കലായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഒരു പ്യൂണിനെ അയച്ച് പ്രസ്തുത പുസ്തകം കസബ സ്റേഷനിലെത്തിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ കവിഞ്ഞാല്‍ അര മണിക്കൂറിനകം അതവിടെ എത്തിക്കുമായിരുന്നു എന്നിരിക്കെ എന്തിനായിരുന്നു പ്രസ്തുത നാടകം?

തുടര്‍ന്നങ്ങോട്ട് ഇടതുഭരണകൂടവും പാര്‍ട്ടിയും സ്വീകരിച്ച ഓരോനയവും ജമാഅത്തും സര്‍ക്കാരും പരസ്പരം അകന്നകന്നുപോവുമാറ് പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള വ്യതിയാനഗര്‍ത്തങ്ങളുടെ പരമ്പരകളായിരുന്നു. അധിനിവേശത്തിനും ആഗോളവല്‍ക്കരണത്തിനും നവലിബറലിസത്തിനുമെതിരായ പോരാട്ടം പ്രഖ്യാപനങ്ങളിലൊതുങ്ങി. നേതാക്കളുടെ മക്കള്‍ സുഖചികില്‍സയ്ക്കും സുഖശീതളമായ അന്തരീക്ഷവായു അന്വേഷിച്ചും ചൂതുകളികേന്ദ്രങ്ങളില്‍ പണമെറിയുന്നതിനും പുറംദ്വീപുകളിലേക്കു ദേശാടനം നടത്തിയപ്പോള്‍ അവരുടെ പിതാക്കന്മാര്‍ ഭരണത്തിന്റെതേരിലിരുന്നു സാന്റിയാഗോ മാര്‍ട്ടിന്‍മാരെ പരോക്ഷമായി ന്യായീകരിച്ചും അവരുടെ കീശകളില്‍ കണ്ണുവച്ചും കമ്മ്യൂണിസ്റ്റ് എത്തിക്സിനെ പൂര്‍ണമായി കാറ്റില്‍പറത്തി. മന്ത്രി എം.എ ബേബി വിദ്യാഭ്യാസമേഖലയെ കാളക്കൂറ്റന്‍ കടന്ന പിഞ്ഞാണക്കടപോലെ തകര്‍ത്തു തരിപ്പണമാക്കി. ബിഷപ്പുമാരും മെത്രാന്‍മാരും പള്ളി ബെല്ലടിച്ച് അല്മായരെ വിളിച്ചുവരുത്തി ഭരണകൂടത്തെ തള്ളിപ്പറഞ്ഞു. ഭരണകൂടവക്താക്കള്‍ ഈ 'നികൃഷ്ടജീവി'കളെ പരസ്യമായി പരിഹസിച്ചു. മദ്റസാ വിദ്യാഭ്യാസം തകര്‍ക്കാനായി പഠനസമയത്തില്‍ മാറ്റംവരുത്താനുള്ള ശ്രമം മുസ്ലിം മതന്യൂനപക്ഷങ്ങള്‍ എതിര്‍ത്തു തോല്‍പ്പിച്ചു. വഖ്ഫ് ബോര്‍ഡിന്റെ തലപ്പത്തും ഏഴാംതരം പാഠപുസ്തകത്തിലും മതമില്ലാത്ത ഖാദറും മതമില്ലാത്ത ജീവനും കടന്നുകൂടിയത് വിശ്വാസികളുടെ ഇശ്കാല്‍ വര്‍ധിപ്പിച്ചു. സച്ചാര്‍കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നതിനു കാണിച്ച ശുഷ്കാന്തിയില്ലായ്മയ്ക്കെതിരേ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങി. മലപ്പുറത്തെ അലിഗഡ്സെന്ററിന്റെ കാര്യത്തിലാവട്ടെ, സര്‍ക്കാരിലെ ഒന്നിലേറെ മന്ത്രിമാര്‍ നീക്കിവച്ച സ്ഥലത്തിന്റെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും പ്രശ്നം തട്ടിമുട്ടി കൊണ്ടുപോയി ഇല്ലാതാക്കാനായിരുന്നു ശ്രമം. ഇതു ജനം തിരിച്ചറിയുന്നൂവെന്നു വന്നപ്പോള്‍ അവസാന നിമിഷം വച്ച് അലിഗഡിനെ പെരിന്തല്‍മണ്ണയില്‍ പണ്ടാരമടക്കി. സച്ചാര്‍കമ്മിറ്റി കേരളത്തിലെത്തിയപ്പോള്‍ പാലോളികമ്മിറ്റിയായി മാറിയെന്നു മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്കോളര്‍ഷിപ്പ് തുക വന്‍ കുറവു വരുത്തിയാണ് അത് അവകാശികള്‍ക്കിടയില്‍ വിതരണംചെയ്തത്.

പരിസ്ഥിതിസൌഹൃദ വികസനം കിനാലൂരില്‍ എത്തിയപ്പോള്‍ അതൊരു ചെരിപ്പുമുതലാളിക്കു വേണ്ടിയാണെന്നു പറഞ്ഞ് അതിനെതിരേ എന്‍.ജി.ഒകള്‍ സമരത്തിനിറങ്ങി. അവിടെ വച്ചാണ് ജമാഅത്ത് യുവജനസംഘടനയുടെ തലകോടിയേരി പോലിസ് തല്ലിക്കീറിയത്. കക്കോടിയില്‍ വച്ചും കിട്ടി സോളിഡാരിറ്റിക്കുട്ടികള്‍ക്ക് വളഞ്ഞുവച്ചുള്ള പിടിപ്പത് തല്ല്. വുദു എടുത്ത് ഖുര്‍ആന്‍ ക്ളാസ് കേള്‍ക്കാന്‍ വന്ന ഉമ്മമാര്‍ എന്താണു സംഭവിക്കുന്നതെന്നറിയാതെ നാലുപാടും ചിതറി ഓടിയെങ്കിലും ആണുങ്ങള്‍ക്ക് രക്ഷപ്പെടാനും വഴിയുണ്ടായില്ല. തല്ലുന്നവരുടെ കൈ തളരുവോളം അവര്‍ തല്ലി. കൊള്ളുന്നവര്‍ തലകീറുവോളം കൊണ്ടു. ഒരു പഠനസദസ്സിനെ ഒന്നാകെ കൈയാങ്കളിക്കു വിധേയമാക്കിയ ഇതുപോലത്തെ അനുഭവം അതിനുമുമ്പൊരിക്കലും കേരളത്തിലുണ്ടായിട്ടില്ല.

ഇതും ഇതുപോലുള്ളതുമായ നിരവധി ക്രൂരതകളും കണക്കിലെടുത്താണ് ഹമീദ് വാണിമേല്‍ ചോദിച്ചത്, ഈ ക്രൂരതയ്ക്ക് ഇനിയും ഒരു തുടര്‍ച്ച വേണോ? ചുരുങ്ങിയത് ജമാഅത്ത്പത്രം പശ്ചിമബംഗാളിലെ ഭരണത്തുടര്‍ച്ചയുടെ ഭീകരമുഖം തുറന്നുകാട്ടുന്ന പരമ്പര പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ അതൊരാവര്‍ത്തി വായിച്ചിട്ടു പോരേ, സി.പി.എം ഭരണത്തുടര്‍ച്ചയ്ക്ക് തിട്ടൂരം പതിച്ചുകൊടുക്കല്‍. പക്ഷേ, പാര്‍ട്ടിക്ക് മറുപടിയുണ്ട്- പായലിനും പൂപ്പലിനും വിട, എന്നെന്നേക്കും വിട!

ജാതീയ വര്‍ഗീയ ദ്രുവീകരണത്തിന്റെ അവസാനത്തെസാധ്യതകളും ഉപയോഗപ്പെടുത്തിയ CPIM. -ആരിഫലി
http://www.youtube.com/watch?v=82QeZTg_Qbg&f


AsianetNews Discussion about JIH Vote-2011
കിനാലൂര്‍ പാത

http://www.youtube.com/watch?v=-56v6WDeEbU


http://www.youtube.com/watch?v=5UFHyOFrBOE