Wednesday, October 17, 2012

ലീഗിനെ ഒറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യമെന്ത്‌

ലീഗിനെ ഒറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യമെന്ത്‌
 
ഹമീദ് വാണിമേല്‍.-ചന്ദ്രിക (ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ പൊളിറ്റിക്കല്‍ സെക്രട്ടറി ,തിരെഞ്ഞെടുപ്പ് നയങ്ങളില്‍ പ്രതിഷേധിച്ചു രാജി വെച്ചിരുന്നു )
തെറ്റിദ്ധാരണയുടെ മണ്‍കൂനയില്‍ കയറിനിന്ന് മുസ്‌ലിംലീഗിനെ വിമര്‍ശിക്കുന്നവരോട് പാര്‍ട്ടി കാണിക്കുന്ന വിവേകം, സാമുദായിക അന്തരീക്ഷം വഷളാകാന്‍ പാടില്ലെന്ന നിര്‍ബന്ധമുള്ളതുകൊണ്ടുകൂടിയാണ്.
സമുദായത്തിനും മുന്നണിക്കും അകത്തും പുറത്തും ലീഗിനെ കോര്‍ണര്‍ ചെയ്യാന്‍ നടക്കുന്ന മന:ശാസ്ത്ര യുദ്ധം വൈകാരികമായി നേരിടാന്‍ ഒരുകാലത്തും ലീഗ് ശ്രമിച്ചിട്ടില്ല. ആറരപതിറ്റാണ്ടിന്റെ കര്‍മസാക്ഷ്യമാണ് പാര്‍ട്ടിക്ക് മറുപടിയായി നല്‍കാനുള്ളത്. 1948 മുതല്‍ തീഷ്ണമായ രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിച്ച പാര്‍ട്ടിക്ക് ഈ പഴകി പുളിച്ച ആരോപണ ആവര്‍ത്തനങ്ങള്‍ പരിഗണിക്കാതെയും മുന്നോട്ട് പോകാനുള്ള ശക്തി ഇന്നുണ്ട്.
  കേരളീയ പൊതു സമൂഹത്തില്‍ അംഗീകാരത്തിന്റെ അടയാളം അനവധി തവണ ഏറ്റുവാങ്ങിയ മുസ്‌ലിംലീഗിന് ഏതാനും സമുദായ ജാതി നേതാക്കളുടെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.

മുസ്‌ലിംലീഗ് മുന്നണി ഭരണത്തില്‍ അധീശാധിപത്യം പ്രകടിപ്പിക്കുന്നതായും അനര്‍ഹമായ പലതും തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് പലവട്ടം ലീഗ് നേതൃത്വം തെളിവന്വേഷിച്ചിട്ടും ഒരാള്‍ക്കും ഇതുവരെ മറുപടി പറയാന്‍ സാധിച്ചിട്ടില്ല. ലീഗ് വിമര്‍ശനത്തിന്റെ പുതിയ അന്തരീക്ഷത്തിന് പിന്നിലെ ശക്തികള്‍ ആരാണെന്ന് ലീഗിനറിയാം. ആസൂത്രണത്തില്‍ അജ്ഞാതമെന്ന് തോന്നാവുന്ന ചരടുകളെയും അതിന് പിന്നിലെ ശില്‍പികളെയും ലക്ഷ്യങ്ങളെയും പാര്‍ട്ടിക്കും കേരളീയ പൊതു സമൂഹത്തിനും കൃത്യമായി അറിയാവുന്നതുമാണ്.

അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ ചില ഒളിച്ചുകളികള്‍ക്കും അവിഹിതമായ പങ്കുവെപ്പുകള്‍ക്കും ലീഗ് ചിലര്‍ക്ക് തടസമായതാണ് ഈ പ്രകോപനത്തിന്റെ മുഖ്യ കാരണം. യു.ഡി.എഫ് അധികാരത്തില്‍ വന്ന ആദ്യ ദിവസം മുതല്‍ തുടങ്ങിയതാണ് ചിലരുടെ ബോധപൂര്‍വമായ ഈ ലീഗ് വേട്ട. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇടതുപക്ഷവും സംഘ് പരിവാറും യു.ഡി.എഫിനെതിരെ നടത്തിയ ന്യൂനപക്ഷ ആധിപത്യ ആരോപണം തെരഞ്ഞെടുപ്പിനുശേഷം ചില സാമുദായിക ശക്തികള്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ഈ ആരോപണത്തില്‍ ലീഗിനെ മുഖ്യപ്രതിയാക്കുന്നവര്‍ ജനാധിപത്യത്തെയാണ് പരിഹസിക്കുന്നത്. യു.ഡി.എഫ് മുന്നണിയില്‍ ലീഗ് രണ്ടാം കക്ഷിയായത് സംവരണവും നോമിനേഷനും നറുക്കെടുപ്പും മാനദണ്ഡമാക്കിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം.

ഇടതുമുന്നണിക്കെതിരെയുള്ള നെഗറ്റീവ് വോട്ടിന്റെ ഭാഗമായി ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സാഹസികമായി വിജയിച്ചവരുമല്ല ലീഗിന്റെ ഇരുപത് എം.എല്‍.എമാര്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ധീരമായ രാഷ്ട്രീയ പോരാട്ടം നടത്തി പാര്‍ട്ടി നിലപാടിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബഹുജനം നല്‍കിയ അംഗീകാരമാണ് ലീഗിന്റെ ചരിത്ര വിജയത്തിന് കാരണം.
 പതിനാലു ജില്ലകളില്‍ ആറ് ജില്ലകളില്‍ നിയമസഭാ പ്രാധാന്യമുള്ള പാര്‍ട്ടിയാണ് മുസ്‌ലിംലീഗെന്ന് വിമര്‍ശകര്‍ മറക്കരുത്. ഈ വിജയം ഒരു സമുദായത്തിന്റെ മാത്രം വോട്ടിലൂടെയാണെന്ന തെറ്റിദ്ധാരണയുടെ ഒരംശവും പാര്‍ട്ടിക്കില്ല.

ബഹുസ്വര സമൂഹത്തിലെ ജനാധിപത്യ മതേതര കക്ഷികളുടെ പൂര്‍ണ പിന്തുണയിലാണ് ലീഗിന്റെ മിന്നുന്ന വിജയമെന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ട്.
 മുന്നണി മര്യാദയറിയാത്ത അപൂര്‍വം ചില നേതാക്കള്‍ എക്കാലവും മുസ്‌ലിംലീഗിനെതിരെ നിലകൊള്ളാറുണ്ട്. അവരോടുപോലും ലീഗ് കാണിക്കുന്ന സഹിഷ്ണുത പാര്‍ട്ടി ദൗര്‍ബല്യമായി അത്തരക്കാര്‍ കാണുന്നുണ്ടെങ്കിലും എന്ത് ത്യാഗം സഹിച്ചും മുന്നണി ബന്ധത്തില്‍ സത്യസന്ധതയും വിട്ടുവീഴ്ചയും കാണിക്കുന്ന സ്വഭാവം ലീഗിന്റെ കൂടപ്പിറപ്പാണ് എന്നതാണ് വസ്തുത. ഇരു മുന്നണികളും വര്‍ഗീയത ആരോപിച്ച് പല ഘട്ടങ്ങളിലും മുസ്‌ലിംലീഗിനെ അകറ്റാന്‍ ശ്രമിച്ചിട്ടും അവരെല്ലാം ലീഗിനെ വാരിപ്പുണര്‍ന്നവരും ലീഗിന്റെ ബഹുജന രാഷ്ട്രീയ ശക്തിയും പ്രവര്‍ത്തന ചടുലതയും ആസ്വദിച്ചവരുമാണെന്ന് കേരളീയ രാഷ്ട്രീയ ചരിത്രം സാക്ഷിയാണ്.
ലീഗ് രാഷ്ട്രീയത്തെ അനുഭവിച്ചറിഞ്ഞ കേരളത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മാര്‍ക്കറ്റില്ലെന്ന് എല്ലാവര്‍ക്കുമറിയാം. സാമുദായിക പാര്‍ട്ടികളോടുള്ള ലീഗിന്റെ നിലപാട് പാര്‍ട്ടി ഭരണഘടന ഇപ്രകാരമാണ് വിശദീകരിക്കുന്നത്. ‘വിവിധ മത സമുദായങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും സൗഹാര്‍ദ്ദവും സന്മനസും ഐക്യവും വളര്‍ത്തുക. പൊതുജന നന്മക്കും സാമൂഹ്യ നീതിക്കുംവേണ്ടി പരിശ്രമിക്കുക.’ (ഭരണഘടന, പേജ് 8)
താത്വികമായും പ്രായോഗികമായും ഈ പാര്‍ട്ടി നിലപാട് ഉയര്‍ത്തിപിടിക്കാനാണ് മുസ്‌ലിംലീഗ് പരിശ്രമിക്കുന്നത്. തത്വവും പ്രയോഗവും വ്യത്യാസപ്പെടുത്തുന്ന ദ്വിമുഖം മുസ്‌ലിംലീഗ് ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല.

കാല്‍ നൂറ്റാണ്ടിലധികം ഭരണ പങ്കാളിത്തം വഹിച്ച മുസ്‌ലിംലീഗ് അധികാരത്തിന്റെ തിണ്ണബലത്തില്‍ ഒരു സമുദായത്തിലെ ഒരംഗത്തിന്റെപോലും അവകാശം നിഷേധിച്ചതായി അതിന്റെ കഠിന ശത്രുക്കള്‍പോലും നാളിതുവരെ ഉന്നയിച്ചിട്ടുമില്ല. ഇതാണ് വസ്തുതയെങ്കില്‍ ഇപ്പോഴത്തെ പൊയ്‌വെടി ആരെ ഇളക്കിവിടാനാണെന്ന് എല്ലാവര്‍ക്കുമറിയാം.
മുസ്‌ലിംലീഗ് പ്രതിസന്ധിയിലാണെന്ന് ബോധ്യപ്പെട്ടാല്‍ എക്കാലവും പാര പണിയുന്ന ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പത്രവും പുതിയ വിവാദത്തിലും പതിവുപോലെ രംഗത്തെത്തി ലീഗിനെ ഉപദേശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലീഗ് പുതിയ വിവാദത്തില്‍ പ്രതിരോധത്തിലാണെന്ന് തെറ്റിദ്ധരിച്ച് ജമാഅത്ത് നേതാവ് മാധ്യമം പത്രത്തില്‍ ലീഗിന് നല്‍കുന്ന മാര്‍ഗദര്‍ശനം ഇപ്രകാരമാണ്: ‘മുസ്‌ലിംലീഗ് അനര്‍ഹമായത് വാരിക്കൊണ്ടു പോകുന്നുവെന്നതാണ് സര്‍വ സത്യമായി കഴിഞ്ഞ പ്രചാരണം. എന്നാല്‍ ഇതിനെ മറികടക്കാനുള്ള മീഡിയാ മാനേജ്‌മെന്റോ രാഷ്ട്രീയ ബോധമോ ലീഗിനില്ല. യഥാര്‍ത്ഥ കണക്കുകൂട്ടലുകളിലൂടെ തങ്ങള്‍ ഉയര്‍ത്തുന്ന പിന്നാക്ക രാഷ്ട്രീയ പ്രസക്തി കൂടുതല്‍ ഊന്നിപ്പറയുകയാണ് ലീഗ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതിനുള്ള പ്രത്യയശാസ്ത്ര ഊര്‍ജം ലീഗിനില്ലാതെപോയി.’ (മാധ്യമം 12.10.12).

ശാസ്ത്രീയമായ മീഡിയാ മാനേജ്‌മെന്റും ആന കുത്തിയാലും മറിയാത്ത കാഡര്‍ ഘടനയും പാര്‍ട്ടിയിലും പത്രത്തിലും ഇതര സമുദായ അംഗങ്ങളെ മുമ്പില്‍ നിര്‍ത്തിയിട്ടും കോണ്‍ക്രീറ്റിനെക്കാളും ഭദ്രമായ പ്രത്യയശാസ്ത്ര അടിത്തറയുണ്ടായിട്ടും സെക്യുലര്‍ സൊസൈറ്റിയില്‍ ജമാഅത്തിന്റെ സ്ഥാനം ഇന്നും വട്ടപൂജ്യമാണ്. ഈ ലേഖനം വന്ന പത്രത്തിന്റെ ഒന്നാംപേജില്‍ പളുങ്കുപോലെ പവിത്രമായ പാണക്കാട് കുടുംബത്തിലെ ഇന്നത്തെ നായകനെ അഴിമതിക്കാരനാക്കുന്ന ഫോട്ടോ പതിച്ച നെടുനീളന്‍ വാര്‍ത്തയും അകമ്പടിയായി മറ്റൊരു സൈഡ് സ്റ്റോറിയും കാച്ചിയ ജമാഅത്ത് പത്രത്തെ മാനേജ് ചെയ്യാന്‍ ലീഗിന് മാത്രമല്ല സാക്ഷാല്‍ ജമാഅത്ത് ശൂറക്കുപോലും സാധ്യമല്ലെന്ന് കാലം തെളിയിച്ചതാണ്.

സ്വന്തം സമുദായത്തിന്റെ കണക്ക് നിരത്തി അന്യ സമുദായത്തെ ഒതുക്കാനുള്ള കണക്കറിയാത്തതല്ല ലീഗിന്റെ പ്രശ്‌നം. ഇത്തരം കണക്ക് പറയലുകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളെയാണ് ലീഗ് ഭയപ്പെടുന്നത്. ഈ ലേഖനത്തില്‍ ഉന്നയിക്കുന്ന മറ്റൊരു വലിയ പരാതി ലീഗിന്റെ നേതൃസ്ഥാനത്ത് ഒരു സമുദായം മാത്രമാണെന്നാണ്. ‘ഒരേ മതത്തിലും ലിംഗത്തിലുംപെട്ടവര്‍ മാത്രം ഔദ്യോഗിക നേതൃസ്ഥാനങ്ങളിലുള്ള കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി മുസ്‌ലിംലീഗ് മാത്രമായിരിക്കും.’ സ്വന്തം ആദര്‍ശവും കര്‍മജീവിതവും മതചിഹ്നങ്ങളും മുറുകെപിടിച്ച് മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ അവര്‍ഗീയമായ ജീവിതം നയിക്കാമെന്ന് പ്രായോഗികമായി തെളിയിച്ചതാണ് മുസ്‌ലിംലീഗിന്റെ പ്രത്യേകതകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

പ്രമുഖ ചരിത്ര പണ്ഡിതനും മലപ്പുറം പരപ്പനങ്ങാടി താമസക്കാരനുമായ ഡോ. എം. ഗംഗാധരന്‍ ലീഗിനെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: ‘മറ്റ് മതേതര പാര്‍ട്ടികളില്‍നിന്ന് മുസ്‌ലിംലീഗിനെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകമുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വമുള്ള പാര്‍ട്ടി (അല്ലെന്നുള്ള വസ്തുത മറ്റൊരു കാര്യം) യെന്നതാണ് മറ്റ് സെക്യുലര്‍ പാര്‍ട്ടികളില്‍നിന്ന് ലീഗിനെ വേര്‍തിരിച്ച് നിര്‍ത്തുന്നത്. എന്നിട്ടും സെക്യുലര്‍ സ്വഭാവം ലീഗ് നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമായ സവിശേഷതയാണ്. (മാപ്പിള പഠനങ്ങള്‍ – പേജ് 74).

സമുദായത്തിന്റെ ന്യായമായ അവകാശ സംരക്ഷണത്തില്‍ യാതൊരു മുട്ടുവിറക്കലും മുസ്‌ലിംലീഗിനില്ല. വര്‍ഗീയ തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നിലപാടിന്റെ ഭാഗമാണ് ചില വിഷയങ്ങള്‍ സമുദായ പ്രശ്‌നമാണെന്ന് ലീഗിന് തോന്നാതിരിക്കാന്‍ കാരണം. ഇ-മെയില്‍ കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കൊല്ലന്റെ ആലയിലെ മുയലിനെപ്പോലെ ചിലര്‍ ഞെട്ടുന്നതില്‍ ലീഗിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

പ്രതിസന്ധി എത്ര രൂക്ഷമായാലും വര്‍ഗീയതയോടും തീവ്രവാദത്തോടും രാജിയായ പാരമ്പര്യവും ലീഗിനില്ല. ബാബ്‌രി മസ്ജിദിന്റെ പതനശേഷം പരാജയങ്ങളുടെ മാലപ്പടക്കം നിരന്തരം പൊട്ടിയിട്ടും ലീഗ് കാണിച്ച വിവേകമാണ് ഇപ്പോഴത്തെ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്.

പാണക്കാട് കുടുംബത്തിന്റെ മഹത്വം തകര്‍ത്തും ലീഗിന്റെ സംഘടിത ശക്തി ദുര്‍ബലപ്പെടുത്തിയും അധികാര രാഷ്ട്രീയം സ്വപ്‌നം കാണുന്നവര്‍ എന്നും സ്വപ്‌നലോകത്ത് ജീവിക്കേണ്ടി വരുമെന്ന് ഓര്‍ക്കുന്നത് സ്വന്തം വിഭവശേഷി നഷ്ടപ്പെടാതിരിക്കാനെങ്കിലും നല്ലതാണ്.