Friday, July 17, 2015

അബ്ദുറബ്ബും വിവാദങ്ങളും

അബ്ദുറബ്ബിനെ വിടാതെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനാണ് ചില തല്പര കക്ഷികൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പല വിവാദങ്ങൾക്ക് പിന്നിലെയും യഥാർത്ഥ വസ്തുതകൾ എന്തെന്ന് നമുക്കൊന്ന് പരിശോധിക്കാം
1) നില വിളക്ക് വിവാദം :
ഇതിലെന്താണ് കുഴപ്പം . ആരും നില വിളക്ക് കൊളുത്തേണ്ട എന്ന് അബ്ദു റബ്ബ് പറഞ്ഞിട്ടില്ല . നില വിളക്ക് കൊളുത്തുന്ന ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. മറിച്ച് തന്റെ വിശ്വാസം അനുസരിച്ച് താൻ കൊളുത്തില്ല എന്ന നിലപാട് വളരെ ശാന്തമായി എടുക്കുക മാത്രമാണ് അദ്ദേഹം എടുത്തത്. ഇക്കാര്യത്തിൽ ആരോടും കയർക്കാനും തർക്കിക്കാനും അദ്ദേഹം നിന്നിട്ടില്ല . ഇതിലെന്താണ് കുഴപ്പം? എല്ലാരും നില വിളക്ക് കൊളുത്തിയിരിക്കണം എന്ന് നിയമമുണ്ടോ ? ഏതെങ്കിലും ചടങ്ങ് ഖുറാനിലെ ഫാത്തിഹ സൂറത്ത് ഉത്ഘാടനം ചെയ്‌താൽ എത്ര പേര് തയ്യാറാവും ? അത് കൊണ്ട് അക്കാര്യത്തിൽ അബ്ദു റബ്ബ് തെറ്റുകാരനല്ല.
2) പച്ച ബോർഡ്‌ : വിവാദങ്ങളിൽ ഏറ്റവും വിവരക്കേട് നിറഞ്ഞ വിവാദം ആയിരുന്നു പച്ച ബോർഡ്‌ വിവാദം. ചില മാനേജ്മെന്റുകൾ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് അനുസരിച്ച് പച്ച ബോർഡ്‌ സ്ഥാപിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ ബോര്ടിനെ പച്ച വത്കരിക്കുന്നു എന്നായിരുന്നു ചില വിവര ദോഷികൾ ഉറഞ്ഞു തുള്ളിയത് . കേരളം എന്ന ഇട്ടാ വട്ടത്തിൽ മാത്രം ജീവിക്കുന്ന വിവര ദോഷികൾ ഉണ്ടാക്കിയ വിവാദം വിദ്യാഭ്യാസം ഉണ്ടെന്നു കരുതുന്നവർ പോലും ഏറ്റു പിടിച്ചു . സത്യത്തിൽ വിദേശ രാജ്യങ്ങളിൽ എല്ലാം ബോർഡിൻറെ നിറം പച്ച നിറമാണ് . എത്രത്തോളം എന്ന് വെച്ചാൽ Why Is The-Blackboard Called A Blackboard When It Is ActuallyGreen ( പച്ച നിറമുള്ള ബോർഡിനെ എന്ത് കൊണ്ടാണ് ബ്ലാക്ക് ബോർഡ്‌ എന്ന് വിളിക്കുന്നു) .എന്ന ചര്ച്ച പോലും ഇന്റർനെറ്റിൽ ചൂട് പിടിച്ചു നടക്കുന്നുണ്ട് . ലിങ്ക് വേണമെങ്കിൽ കാണുക:http://goo.gl/3T2UkV
സത്യത്തിൽ ബ്ലാക്ക് നിറമുള്ള ബോർഡ്‌ എന്നൊരു സംഗതി അറിയാത്തവരാണ് വിദേശികൾ . പോര, ഗുജറാത്തിൽ വരെ പച്ച നിറമുള്ള ബോർഡുകൾ ഉണ്ട് !! ലിങ്ക് വേണമെങ്കിൽ കാണുക : https://goo.gl/RyP3yo
ഗുജറാത്തിലും ഡൽഹിയിലും മദ്രാസിലും ഒക്കെ പച്ച ബോർഡ്‌ സ്ഥാപിച്ചത് അബ്ദു റബ്ബ് ആണോ ? അത് കൊണ്ട് ഗ്രീൻ ബോർഡ്‌ വിവാദത്തിൽ ഒരു കഴമ്പും ഇല്ലെന്നു മനസ്സിലായി .
3) പച്ചക്കോട്ടു വിവാദം : ഒരു സ്കൂൾ മാനെജ്മെന്റ് തങ്ങളുടെ ടീച്ചിംഗ് സ്ടാഫിനോട് ധരിക്കാൻ ആവശ്യപ്പെട്ട കോട്ടിന്റെ നിറത്തെ ചൊല്ലിയാണ് അടുത്ത വിവാദം. പച്ച കോട്ട് ധരിപ്പിക്കാൻ അബ്ദു റബ്ബ് ശ്രമിക്കുന്നു എന്നായിരുന്നു വിവാദ പുഴുക്കൾ ആരോപിച്ചത് . സത്യത്തിൽ എന്താണു സംഭവം . കോട്ട് തീരുമാനിച്ചത് സ്കൂൾ മാനേജ്മെന്റും പിടിഎ യുമാണ്‌ . അല്ലാതെ മന്ത്രി തന്റെ ഓഫീസിൽ നിന്ന് സർക്കുലർ ഇറക്കിയതല്ല . കേരളത്തിൽ നൂറു കണക്കിന് സ്കൂൾ മാനേജ്മെന്റുകൾ എടുക്കുന്ന ആയിരക്കണക്കിന് തീരുമാനങ്ങൾ എല്ലാം മന്ത്രി അറിയണം എന്നുണ്ടോ ? ഒരിക്കലുമില്ല . ഓരോ സ്കൂളിലെയും യൂണിഫോം തീരുമാനിക്കുന്നത് അതാത് സ്കൂളുകൾ ആണ് .
ഇനി ആ കോട്ടിന്റെ കളർ നോക്കാം . ആ കോട്ടിന്റെ വീഡിയോ ആണിത് . ഈ കോട്ടിന്റെ നിറം പച്ചയാണ് എന്ന് പറയുന്നവരുടെ കണ്ണിനു ചികിത്സ ആവശ്യമുണ്ട്https://m.facebook.com/afsartly/posts/667868393291440
4) ഗംഗ വിവാദം : മന്ത്രി തന്റെ ഔദ്യോഗിക വസതിയുടെ പേര് ഗംഗ എന്നത് മാറ്റി ഗ്രൈസ് എന്നാക്കി എന്നാണു മറ്റൊരു വിവാദം. സത്യത്തിൽ ഗംഗ എന്ന് പേരിട്ട ഒരു മന്ത്രി മന്ദിരം ഇല്ലായിരുന്നു . അങ്ങനെയൊരു പേര് ആ വീടിനു നിശ്ചയിചിട്ടുമില്ലായിരുന്നു. വീടിനു എന്ത് പേരിടും എന്ന അനേകം നിർദേശങ്ങളിൽ ഒന്നുമാത്രമായിരുന്നു ഗംഗ എന്ന പേര്. അനവധി പേരുകളിൽ നിന്ന് ഒന്ന് തെരഞ്ഞെടുക്കുക എന്നതായിരുന്നു വിഷയം . മന്ത്രി ആവട്ടെ , തന്റെ പരപ്പനങ്ങാടിയിലെ വസതിയായ ഗ്രൈസിന്റെ പേര് തന്നെ ഔദ്യോഗിക വസതിക്കും നല്കി . ഇല്ലാത്ത ഗംഗ ബോർഡ്‌ മാറ്റി ഗ്രൈസ് എന്നാക്കി എന്ന് പ്രചരിപ്പിച്ചത് വിവാദം ഉദ്ദേശിച്ചു മാത്രമായിരുന്നു. ഗ്രൈസ് എന്നതൊരു മുസ്ലിം പേര് പോലുമല്ല . എത്രയോ മന്ത്രിമാര് തങ്ങളുടെ വസതികൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന പേരുകൾ നല്കുന്നുണ്ട് . അബ്ടുരബ്ബിനും ആ അവകാശമുണ്ട്‌
5)പച്ച പെയിന്റ് വിവാദം: ചേര്‍ത്തലയിലെ കടക്കരപ്പളളി യു.പി.ജി.എസ് സ്കൂളിലെ ഓടിനു പി ടി എ പച്ച നിറം നല്കാൻ തീരുമാനിച്ചതാണ് അടുത്ത വിവാദം . ഈ സ്കൂൾ ഒരു മുസ്ലിം സ്കൂളല്ല. പിടി എ പ്രസിടന്റ്റ് ഡോ. പ്രേം കുമാര്‍ നാട്ടി പ്രസിദ്ധനായ ഹോമിയോ ഡോക്ടറാണ്. ഒരു ദിവസം എല്ലാവരും ചേര്‍ന്ന് മേല്‍ക്കൂരയിലെ പഴയ ഓടുകള്‍ താഴെയിറക്കി കഴുകി വൃത്തിയാക്കി വെച്ചു. ദ്രവിച്ച പട്ടികകള്‍ മാറ്റി. പുതിയ പെയിന്‍്റടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് കുട്ടികളോട് അഭിപ്രായം ആരാഞ്ഞു. സ്കൂളിന്റെകിഴക്കുവശത്തെ കെട്ടിടത്തിനു നീലയും തെക്കുവശത്തെ കെട്ടിടത്തിന്റെഓടുകള്‍ക്ക് പച്ചയും കൊടുക്കുവാന്‍ കുട്ടികള്‍ ഒന്നടങ്കം ആഗ്രഹം പ്രകടിപ്പിച്ചു. പ്രകൃതിയോട് കൂടുതല്‍ അടുപ്പമുളള പച്ചനിറം -ഹരിതവര്‍ണ്ണം- പച്ച പെയിന്‍്റ് വാങ്ങുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ചേര്‍ത്തല ടൗണിലുളള കടയില്‍ നിന്നും നീല പെയിന്‍്റും പച്ച പെയിന്‍്റും വാങ്ങി. പെയിന്‍്റ് കടക്കാരനും സന്തോഷമായി. കാരണം പച്ചക്കളര്‍ വിറ്റുപോകാന്‍ വളരെ പാടാണ്. അതിനാല്‍ പ്രത്യേക ഡിസ്കൗണ്ടും നല്കി.
ഈ സംഭവത്തിന്റെ സത്യാവസ്ഥ ഈ സംഭവത്തിന്റെ സത്യാവസ്ഥ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിശദീകരിക്കുന്നത് ഇവിടെ വായിക്കാം : http://goo.gl/ovGEfnഇതിൽ മന്ത്രി എന്ത് പിഴച്ചു ?
6)പച്ച ബ്ലൌസ് : സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാനതല പരിപാടിയില്‍ പങ്കെടുക്കുന്ന ബ്ലോക് റിസോഴ്സ് സെന്ററിലെ അധ്യാപികമാര്‍ പച്ച ബ്ലൗസും സെറ്റ് സാരിയും ധരിച്ച് എത്തണമെന് നിർദേശിച്ചു എന്നതായിരുന്നു അടുത്ത വിവാദം . ഒന്ന് ചോദിക്കട്ടെ, ആളുകൾ പച്ച സാരി ധരിക്കണമെന്ന് മന്ത്രി നിർദേശിച്ചതായി തെളിവ് വലതുമുണ്ടോ ? ആരെങ്കിലും വല്ല നിറവും ധരിക്കണമെന്ന് നിർദേശിച്ചാൽ വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ നിര്ദേശ പ്രകാരമാണോ അത് ? ഒരിക്കലുമല്ല . ഈ വിഷയത്തിൽ പച്ച നിറം നിർദേശിച്ചയാളെ മന്ത്രി തന്നെ സസ്പെൻഡ് ചെയ്തു കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
7) വിദ്യാഭ്യാസ വകുപ്പിലെ സീനിയര് തസ്തികകൾ മുഴുവൻ മുസ്ലിംകൾ മാത്രം :
ഈ ആരോപണത്തിൽ യാതൊരു കഴമ്പും ഇല്ലെന്നു തെളിവ് സഹിതം മനസ്സിലാക്കാൻ താഴെ നല്കിയ വിവരങ്ങൾ ഉപകരിക്കും
വിദ്യാഭ്യാസ മന്ത്രി - അബ്ദുറബ്ബ്.. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.kerala.gov.in/index.php
........................................
SCERT ഡയറക്റ്റർ- ഡോ: രവീന്ദ്രൻ നായർ.. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.scert.kerala.gov.in/index.php
.......................................
DPI ഡയറക്റ്റർ- ശ്രി: ജോണ്‍സ് വി ജോണ്‍.. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://education.kerala.gov.in/index.php
...........................................
LBS ഡയറക്റ്റർ- ഡോ : അബ്ദുൽ മജീദ്‌.. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.lbskerala.com/
.........................................
VHSE ഡയറക്റ്റർ- ശ്രി. കെ പി നൌഫൽ. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.old.kerala.gov.in/dept_vhse/vhse.htm
.........................................
സാക്ഷരത മിഷൻ ഡയറക്റ്റർ- ശ്രി . എം . സുജയ്. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.literacymissionkerala.org/index.p…/administration
............................................
ഹയർ സെക്കൻണ്ടറി ഡയറക്റ്റർ- ശ്രി . കെ .എൻ. സതീഷ്‌ I.A.S സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://dhsekerala.gov.in/contacts.htm
...........................................
IT സ്കൂൾ ഡയറക്റ്റർ - ശ്രി. കെ പി നൌഫൽ. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
https://itschool.gov.in/contact.php
............................................
SSA മോണിറ്ററിംഗ് - ഡോ: ഇ പി മോഹൻദാസ്‌. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.ssamis.com/web/
..............................................
ഓപ്പണ്‍ സ്കൂൾ ഡയരക്റ്റർ - ഡോ: രവീന്ദ്രൻ നായർ. സംശയമുണ്ടെങ്കില്‍ ഈ സൈറ്റില്‍ പോവുക.. ഇല്ലെങ്കില്‍ അതിലെ നമ്പറില്‍ വിളിക്കുക.
http://www.ksosonline.in/openschool2014/home/contact.php
....................................................
8) സ്കൂൾ പുസ്തകം വൈകി : ഈ വര്ഷം സ്കൂൾ തുറന്നിട്ട്‌ ഒരു മാസം ആയിട്ടും സ്കൂൾ പുസ്തകം കിട്ടിയിട്ടില്ല . ഇതാണ് അബ്ദു രബ്ബിനെതിരെയുള്ള ആരോപണം . ഈ വിഷയത്തിൽ മന്ത്രി കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നു. എന്നാൽ കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല . കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് എം എ ബേബി ഭരിക്കുമ്പോൾ ഒരൊറ്റ തവണ പോലും ഓണത്തിന് മുന്പ് കുട്ടികൾക്ക് പുസ്തകം കിട്ടിയിരുന്നില്ല. എന്താണ് ആരും അന്ന് വിഷയത്തെ വർഗ്ഗീയ വത്കരിക്കാതിരുന്നത്. അഞ്ചു വർഷത്തിൽ ഒരു തവണ പോലും സമയത്തിന് പുസ്തകം എത്തിക്കാത്ത ബേബിയേക്കാൾ വലിയ വീഴ്ചയാണോ കഴിഞ്ഞ നാല് വര്ഷവും സമയത്തിന് തന്നെ പുസ്തകം എത്തിച്ച അബ്ദുറബ്ബ് ചെയ്തത് ? ഒരിക്കലുമില്ല . അഞ്ചു തവണ ബേബി വീഴ്ച വരുത്തിയെങ്കിൽ ഒരുതവണ അബ്ദുരബ്ബിനു വീഴ്ച വരുത്താം എന്നല്ല ഇവിടെ പറയുന്നത് .
ബേബിക്ക് അഞ്ചു തവണ നല്കിയ പരിഗണന അബ്ദു രബ്ബിനു ഒരു തവണയെങ്കിലും നല്കണം എന്നല്ല പറയുന്നത്. ഏറ്റവും ചുരുങ്ങിയത് വിഷയത്തെ വര്ഗീയ വാത്കരിക്കാതെ മാറി നില്ക്കണം എന്നാണ് പറയാനുള്ളത് . ഈ വര്ഷം ചില സിലബസ്സുകൾ മാറിയിട്ടുണ്ട് . അത് കൊണ്ട് കൂടിയാണ് ഈ താമസം എന്നാണ് എന്നറിയുന്നത് . ജൂലൈ മുപ്പതിനകം പുസ്തകങ്ങൾ എല്ലാം ലഭ്യമാവും എന്നാണ് അറിയാൻ കഴിയുന്നത് . എം എ ബേബിയുടെ കാലത്ത് വൈകിയത് പോലെ ഏഴു മാസമൊന്നും വൈകുന്നില്ല . കഴിഞ്ഞ നാല് വര്ഷം കൃത്യമായി പുസ്തകം എത്തിച്ച മന്ത്രിയുടെ കൂടെ നില്ക്കുകയാണ് സത്യത്തിൽ വേണ്ടത് . മാത്രമല്ല , വേണ്ടവര്ക്ക് ഒനലൈനിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന വിധം പുസ്തകങ്ങൾ ലഭ്യമാണ് താനും . വിദ്യാർഥി സംഘടനകൾ സത്യത്തിൽ ചെയ്യേണ്ടത് ഈ ഓണ്‍ ലൈൻ കോപ്പി വിദ്യാര്തികൾക്ക് ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്.
അത് കൊണ്ട് വിവാദങ്ങളിൽ കുരുക്കി അബ്ദുറബ്ബിനെ ഒതുക്കാമെന്നു കരുതുന്നവർ തല്ക്കാലം ആ പൂതി മനസ്സില് വെക്കുക .

കട - നസ്റുദ്ധീൻ സാഹിബ് മണ്ണാർക്കാട് .

Sunday, November 10, 2013

CPI(M) എന്ന ഹിന്ദുവംശീയപാർട്ടി

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു കക്ഷിയാണ് സി.പി.എം .യഥാര്‍ഥത്തില്‍, യൂറോപ്പിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ മാതൃകയില്‍ ഒരു ഹിന്ദു ഡെമോക്രാറ്റിക് പാര്‍ട്ടിയായി നിലനില്‍ക്കാവുന്നതേയുള്ളൂ സി.പി.എമ്മിന്. അങ്ങനെ പ്രത്യക്ഷമായ രൂപാന്തരീകരണത്തിനുള്ള സൈദ്ധാന്തിക കെല്‍പും പ്രായോഗിക ധൈര്യവും സി.പി.എമ്മിനില്ല. എന്നാല്‍, പുറമേക്ക് തങ്ങളുടെ ഹിന്ദു സ്വത്വം മറച്ചുവെക്കുകയും അകമേ, അപകടകരമായ വലതുപക്ഷ, വംശീയ ബോധം കൊണ്ടുനടക്കുകയും ചെയ്യുന്നുവെന്നതാണ് സി.പി.എമ്മിന്റെ   പ്രശ്നം. പ്രകടവും നിഷ്കളങ്കവുമായ ഹിന്ദു സ്വത്വത്തെക്കാള്‍ അപകടകരമാണ് അകമേ കൊണ്ടുനടക്കുന്ന ഈ വംശീയത. ജനകീയവും കീഴാളവുമായ ഹിന്ദു സ്വത്വത്തെയല്ല, സവര്‍ണവും കുടിലവുമായ വംശീയ ബോധത്തെയാണ് ഈ പരോക്ഷ ഹിന്ദു സ്വത്വം പ്രതിനിധാനംചെയ്യുന്നത്. ഈ പ്രവണതയാവട്ടെ, കേരളത്തിലെയോ ഇന്ത്യയിലെയോ കമ്യൂണിസ്റ്റുകളുടെ മാത്രം പ്രശ്നവുമല്ല. ലോകത്തെവിടെയാണെങ്കിലും കമ്യൂണിസം എപ്പോഴും ആധിപത്യ വംശീയതയുടെ കോടാലിക്കൈ ആയാണ് പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്. റഷ്യയിലും യുഗോസ്ളാവ്യയിലും സവര്‍ണ സ്ളാവ് വംശീയതയുടെ മേല്‍ക്കുപ്പായമായിരുന്നു കമ്യൂണിസം. ചൈനയില്‍ ഇപ്പോഴും അത് ഹാന്‍ വംശീയതയുടെ ചുകപ്പന്‍ കുപ്പായമാണ്.ശ്രീലങ്കയിലെ ജനതാ വിമുക്തി പെരമനയുടെ ചരിത്രം പരിശോധിച്ചാലറിയാം സിംഹള വംശീയതയുമായുള്ള അതിന്റെ  സന്ധിബന്ധങ്ങള്‍ അതിനെ എങ്ങനെ ബാധിച്ചുവെന്ന്. അതുകൊണ്ടാണ്, കമ്യൂണിസത്തിന്‍െറ മേല്‍ക്കുപ്പായം അഴിയുകയോ കീറുകയോ ചെയ്യുന്ന മാത്രയില്‍ മതേതര/ഇടതുപക്ഷം എപ്പോഴും കുടിലരായ വംശീയവാദികളായി മാറുന്നത്. മാര്‍ഷല്‍ ടിറ്റോവിന്റെ  ഗുരുകുലത്തില്‍ അഭ്യസിച്ച അദ്ദേഹത്തിന്‍െറ തൊട്ടടുത്ത അനുയായി സ്ളബദോന്‍ മിലോസവിച്ച്, ഹിറ്റ്ലര്‍ക്കു ശേഷം യൂറോപ്പ് കണ്ട ഏറ്റവും നരാധമനായ കൂട്ടക്കശാപ്പുകാരനായി മാറുന്നത് അങ്ങനെയാണ്. കുടിയേറ്റക്കാരെയും കറുത്തവരെയും സ്പാനിക്കുകളെയും മുസ്ലിംകളെയും അശുദ്ധരായി പരിഗണിക്കുന്ന യൂറോപ്പിലെ പുത്തന്‍ നവനാസിക്കൂട്ടങ്ങളിലേക്ക് ഇടതുയുവാക്കള്‍ എത്തിപ്പെടുന്നതിന്‍റയും മനശ്ശാസ്ത്രം അതാണ്. ഇതാകട്ടെ, ഇടതു സെക്കുലറിസത്തിന്റെ   ആത്മീയദാരിദ്ര്യത്തിന്റെ  കൂടി പ്രകടനമാണ്.ഇന്ത്യയിലെ കമ്യൂണിസം ബ്രാഹ്മണ കമ്യൂണിസമാണെന്ന ദലിത് ചിന്തകരുടെ വിശകലനങ്ങളും ശ്രദ്ധേയമാവുന്നത് ഇവിടെയാണ്. മുസ്ലിംകളെ അശുദ്ധരായി കാണുന്ന ബ്രാഹ്മണിസ്റ്റ് ആഢ്യബോധത്തിന്റെ പകര്‍പ്പുകള്‍ ഇടതുപക്ഷത്തില്‍ നമുക്ക് കണ്ടെടുക്കാനാവുന്നതും അതിനാല്‍ തന്നെ. മലപ്പുറത്തെ കുട്ടികള്‍ പരീക്ഷയില്‍ പാസാകുന്നത് കോപ്പിയടിച്ചിട്ടാണെന്നും മുസ്ലിംകള്‍ കേരളത്തില്‍ പെറ്റുപെരുകി ഇസ്ലാമിക രാഷ്ട്രമുണ്ടാക്കാന്‍ പോവുകയാണെന്നും സി.പി.എമ്മിന്റെ  രൂപവത്കരണത്തില്‍ പങ്കാളിയായ സമുന്നതനായ ഒരു കമ്യൂണിസ്റ്റ് വെറുതെ പറഞ്ഞു പോകുന്നതല്ല; സി.പി.എമ്മിന്റെ  ഉള്ളിലെ മുസ്ലിം വിരുദ്ധ വംശീയതയുടെ സ്വാഭാവികമായ തികട്ടല്‍ മാത്രമാണത്. കോഴിക്കോട്ടെ മാസികച്ചടങ്ങിലെ വേദിയില്‍ അലങ്കാര സാന്നിധ്യമായ ഐ.എന്‍.എല്‍ എന്ന സംഘടനയുടെ കാര്യമെടുക്കുക. കഴിഞ്ഞ 20 വര്‍ഷം സി.പി.എമ്മിനോടൊപ്പം നടന്നിട്ടും തങ്ങളുടെ മുന്നണിയില്‍ അവരെ എടുക്കാന്‍ സി.പി.എം ഇതുവരെയും മനസ്സ് കാണിച്ചിട്ടില്ല. സവര്‍ണ കൃസ്ത്യന്‍ പാര്‍ട്ടികളായ പി.ജെ. ജോസഫിൻറെ  കേരള കോണ്‍ഗ്രസിനെയും ബി.ജെ.പിയോടൊപ്പം ഭരണത്തില്‍ പങ്കാളിയായ പി.സി. തോമസിന്‍റ കേരള കോണ്‍ഗ്രസിനെയും മുന്നണിയിലെടുക്കുമ്പോള്‍ ഉണ്ടാകാത്ത ശുദ്ധിബോധം ഐ.എന്‍.എലിൻറെ  കാര്യത്തില്‍ മാത്രം ഉണ്ടാവുന്നത് ഈ മുസ്ലിംവിരുദ്ധ വംശീയതയുടെ കാരണത്താലാണ്.
 മുസ്ലിംകളെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ സി.പി.എം ഇപ്പോഴും എല്‍.കെ.ജി യുക്തികള്‍ തന്നെയാണ് അവലംബിക്കുന്നത് എന്നതിന്‍റ സാക്ഷ്യം കൂടിയായിരുന്നു കണ്ണൂര്‍, കോഴിക്കോട് സമ്മേളനങ്ങള്‍. ഇടതുപക്ഷവുമായി ഏറ്റവും മികച്ച സംവാദ ബന്ധം നിലനിര്‍ത്താന്‍ കഴിയുന്ന മുസ്ലിംകളെപ്പോലും ശത്രുക്കളാക്കാന്‍ മാത്രമേ അത് ഉപകരിച്ചുള്ളൂ. മുസ്ലിംകളെ മുഖ്യധാരയിലത്തെിക്കാന്‍ സി.പി.എം പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. തിരിച്ചറിവ് നേടിയ, വമ്പിച്ച ബൗദ്ധിക സന്നാഹങ്ങളുള്ള പുതിയൊരു തലമുറ ആ സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. പിണറായി വിജയൻറെ  സഹായമില്ലാതെ അവര്‍ അവരുടെ ദൗത്യം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്. പക്ഷേ, മുസ്ലിംകളുടെ മുഖ്യധാരയിലത്തൊന്‍ സി.പി.എം ഇനിയും ജനിച്ചിട്ടു വേണം എന്നതാണ് സത്യം.
(സ:പിണറായിക്ക് ജമാഅത്തിന്റെ മറുപടി)
കൂടുതൽ ഇവിടെ വായിക്കാം http://www.madhyamam.com/news/254416/131109

Wednesday, October 17, 2012

ലീഗിനെ ഒറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യമെന്ത്‌

ലീഗിനെ ഒറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യമെന്ത്‌
 
ഹമീദ് വാണിമേല്‍.-ചന്ദ്രിക (ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ പൊളിറ്റിക്കല്‍ സെക്രട്ടറി ,തിരെഞ്ഞെടുപ്പ് നയങ്ങളില്‍ പ്രതിഷേധിച്ചു രാജി വെച്ചിരുന്നു )
തെറ്റിദ്ധാരണയുടെ മണ്‍കൂനയില്‍ കയറിനിന്ന് മുസ്‌ലിംലീഗിനെ വിമര്‍ശിക്കുന്നവരോട് പാര്‍ട്ടി കാണിക്കുന്ന വിവേകം, സാമുദായിക അന്തരീക്ഷം വഷളാകാന്‍ പാടില്ലെന്ന നിര്‍ബന്ധമുള്ളതുകൊണ്ടുകൂടിയാണ്.
സമുദായത്തിനും മുന്നണിക്കും അകത്തും പുറത്തും ലീഗിനെ കോര്‍ണര്‍ ചെയ്യാന്‍ നടക്കുന്ന മന:ശാസ്ത്ര യുദ്ധം വൈകാരികമായി നേരിടാന്‍ ഒരുകാലത്തും ലീഗ് ശ്രമിച്ചിട്ടില്ല. ആറരപതിറ്റാണ്ടിന്റെ കര്‍മസാക്ഷ്യമാണ് പാര്‍ട്ടിക്ക് മറുപടിയായി നല്‍കാനുള്ളത്. 1948 മുതല്‍ തീഷ്ണമായ രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിച്ച പാര്‍ട്ടിക്ക് ഈ പഴകി പുളിച്ച ആരോപണ ആവര്‍ത്തനങ്ങള്‍ പരിഗണിക്കാതെയും മുന്നോട്ട് പോകാനുള്ള ശക്തി ഇന്നുണ്ട്.
  കേരളീയ പൊതു സമൂഹത്തില്‍ അംഗീകാരത്തിന്റെ അടയാളം അനവധി തവണ ഏറ്റുവാങ്ങിയ മുസ്‌ലിംലീഗിന് ഏതാനും സമുദായ ജാതി നേതാക്കളുടെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.

മുസ്‌ലിംലീഗ് മുന്നണി ഭരണത്തില്‍ അധീശാധിപത്യം പ്രകടിപ്പിക്കുന്നതായും അനര്‍ഹമായ പലതും തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് പലവട്ടം ലീഗ് നേതൃത്വം തെളിവന്വേഷിച്ചിട്ടും ഒരാള്‍ക്കും ഇതുവരെ മറുപടി പറയാന്‍ സാധിച്ചിട്ടില്ല. ലീഗ് വിമര്‍ശനത്തിന്റെ പുതിയ അന്തരീക്ഷത്തിന് പിന്നിലെ ശക്തികള്‍ ആരാണെന്ന് ലീഗിനറിയാം. ആസൂത്രണത്തില്‍ അജ്ഞാതമെന്ന് തോന്നാവുന്ന ചരടുകളെയും അതിന് പിന്നിലെ ശില്‍പികളെയും ലക്ഷ്യങ്ങളെയും പാര്‍ട്ടിക്കും കേരളീയ പൊതു സമൂഹത്തിനും കൃത്യമായി അറിയാവുന്നതുമാണ്.

അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ ചില ഒളിച്ചുകളികള്‍ക്കും അവിഹിതമായ പങ്കുവെപ്പുകള്‍ക്കും ലീഗ് ചിലര്‍ക്ക് തടസമായതാണ് ഈ പ്രകോപനത്തിന്റെ മുഖ്യ കാരണം. യു.ഡി.എഫ് അധികാരത്തില്‍ വന്ന ആദ്യ ദിവസം മുതല്‍ തുടങ്ങിയതാണ് ചിലരുടെ ബോധപൂര്‍വമായ ഈ ലീഗ് വേട്ട. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇടതുപക്ഷവും സംഘ് പരിവാറും യു.ഡി.എഫിനെതിരെ നടത്തിയ ന്യൂനപക്ഷ ആധിപത്യ ആരോപണം തെരഞ്ഞെടുപ്പിനുശേഷം ചില സാമുദായിക ശക്തികള്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ഈ ആരോപണത്തില്‍ ലീഗിനെ മുഖ്യപ്രതിയാക്കുന്നവര്‍ ജനാധിപത്യത്തെയാണ് പരിഹസിക്കുന്നത്. യു.ഡി.എഫ് മുന്നണിയില്‍ ലീഗ് രണ്ടാം കക്ഷിയായത് സംവരണവും നോമിനേഷനും നറുക്കെടുപ്പും മാനദണ്ഡമാക്കിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം.

ഇടതുമുന്നണിക്കെതിരെയുള്ള നെഗറ്റീവ് വോട്ടിന്റെ ഭാഗമായി ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സാഹസികമായി വിജയിച്ചവരുമല്ല ലീഗിന്റെ ഇരുപത് എം.എല്‍.എമാര്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ധീരമായ രാഷ്ട്രീയ പോരാട്ടം നടത്തി പാര്‍ട്ടി നിലപാടിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബഹുജനം നല്‍കിയ അംഗീകാരമാണ് ലീഗിന്റെ ചരിത്ര വിജയത്തിന് കാരണം.
 പതിനാലു ജില്ലകളില്‍ ആറ് ജില്ലകളില്‍ നിയമസഭാ പ്രാധാന്യമുള്ള പാര്‍ട്ടിയാണ് മുസ്‌ലിംലീഗെന്ന് വിമര്‍ശകര്‍ മറക്കരുത്. ഈ വിജയം ഒരു സമുദായത്തിന്റെ മാത്രം വോട്ടിലൂടെയാണെന്ന തെറ്റിദ്ധാരണയുടെ ഒരംശവും പാര്‍ട്ടിക്കില്ല.

ബഹുസ്വര സമൂഹത്തിലെ ജനാധിപത്യ മതേതര കക്ഷികളുടെ പൂര്‍ണ പിന്തുണയിലാണ് ലീഗിന്റെ മിന്നുന്ന വിജയമെന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ട്.
 മുന്നണി മര്യാദയറിയാത്ത അപൂര്‍വം ചില നേതാക്കള്‍ എക്കാലവും മുസ്‌ലിംലീഗിനെതിരെ നിലകൊള്ളാറുണ്ട്. അവരോടുപോലും ലീഗ് കാണിക്കുന്ന സഹിഷ്ണുത പാര്‍ട്ടി ദൗര്‍ബല്യമായി അത്തരക്കാര്‍ കാണുന്നുണ്ടെങ്കിലും എന്ത് ത്യാഗം സഹിച്ചും മുന്നണി ബന്ധത്തില്‍ സത്യസന്ധതയും വിട്ടുവീഴ്ചയും കാണിക്കുന്ന സ്വഭാവം ലീഗിന്റെ കൂടപ്പിറപ്പാണ് എന്നതാണ് വസ്തുത. ഇരു മുന്നണികളും വര്‍ഗീയത ആരോപിച്ച് പല ഘട്ടങ്ങളിലും മുസ്‌ലിംലീഗിനെ അകറ്റാന്‍ ശ്രമിച്ചിട്ടും അവരെല്ലാം ലീഗിനെ വാരിപ്പുണര്‍ന്നവരും ലീഗിന്റെ ബഹുജന രാഷ്ട്രീയ ശക്തിയും പ്രവര്‍ത്തന ചടുലതയും ആസ്വദിച്ചവരുമാണെന്ന് കേരളീയ രാഷ്ട്രീയ ചരിത്രം സാക്ഷിയാണ്.
ലീഗ് രാഷ്ട്രീയത്തെ അനുഭവിച്ചറിഞ്ഞ കേരളത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മാര്‍ക്കറ്റില്ലെന്ന് എല്ലാവര്‍ക്കുമറിയാം. സാമുദായിക പാര്‍ട്ടികളോടുള്ള ലീഗിന്റെ നിലപാട് പാര്‍ട്ടി ഭരണഘടന ഇപ്രകാരമാണ് വിശദീകരിക്കുന്നത്. ‘വിവിധ മത സമുദായങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും സൗഹാര്‍ദ്ദവും സന്മനസും ഐക്യവും വളര്‍ത്തുക. പൊതുജന നന്മക്കും സാമൂഹ്യ നീതിക്കുംവേണ്ടി പരിശ്രമിക്കുക.’ (ഭരണഘടന, പേജ് 8)
താത്വികമായും പ്രായോഗികമായും ഈ പാര്‍ട്ടി നിലപാട് ഉയര്‍ത്തിപിടിക്കാനാണ് മുസ്‌ലിംലീഗ് പരിശ്രമിക്കുന്നത്. തത്വവും പ്രയോഗവും വ്യത്യാസപ്പെടുത്തുന്ന ദ്വിമുഖം മുസ്‌ലിംലീഗ് ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല.

കാല്‍ നൂറ്റാണ്ടിലധികം ഭരണ പങ്കാളിത്തം വഹിച്ച മുസ്‌ലിംലീഗ് അധികാരത്തിന്റെ തിണ്ണബലത്തില്‍ ഒരു സമുദായത്തിലെ ഒരംഗത്തിന്റെപോലും അവകാശം നിഷേധിച്ചതായി അതിന്റെ കഠിന ശത്രുക്കള്‍പോലും നാളിതുവരെ ഉന്നയിച്ചിട്ടുമില്ല. ഇതാണ് വസ്തുതയെങ്കില്‍ ഇപ്പോഴത്തെ പൊയ്‌വെടി ആരെ ഇളക്കിവിടാനാണെന്ന് എല്ലാവര്‍ക്കുമറിയാം.
മുസ്‌ലിംലീഗ് പ്രതിസന്ധിയിലാണെന്ന് ബോധ്യപ്പെട്ടാല്‍ എക്കാലവും പാര പണിയുന്ന ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പത്രവും പുതിയ വിവാദത്തിലും പതിവുപോലെ രംഗത്തെത്തി ലീഗിനെ ഉപദേശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലീഗ് പുതിയ വിവാദത്തില്‍ പ്രതിരോധത്തിലാണെന്ന് തെറ്റിദ്ധരിച്ച് ജമാഅത്ത് നേതാവ് മാധ്യമം പത്രത്തില്‍ ലീഗിന് നല്‍കുന്ന മാര്‍ഗദര്‍ശനം ഇപ്രകാരമാണ്: ‘മുസ്‌ലിംലീഗ് അനര്‍ഹമായത് വാരിക്കൊണ്ടു പോകുന്നുവെന്നതാണ് സര്‍വ സത്യമായി കഴിഞ്ഞ പ്രചാരണം. എന്നാല്‍ ഇതിനെ മറികടക്കാനുള്ള മീഡിയാ മാനേജ്‌മെന്റോ രാഷ്ട്രീയ ബോധമോ ലീഗിനില്ല. യഥാര്‍ത്ഥ കണക്കുകൂട്ടലുകളിലൂടെ തങ്ങള്‍ ഉയര്‍ത്തുന്ന പിന്നാക്ക രാഷ്ട്രീയ പ്രസക്തി കൂടുതല്‍ ഊന്നിപ്പറയുകയാണ് ലീഗ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതിനുള്ള പ്രത്യയശാസ്ത്ര ഊര്‍ജം ലീഗിനില്ലാതെപോയി.’ (മാധ്യമം 12.10.12).

ശാസ്ത്രീയമായ മീഡിയാ മാനേജ്‌മെന്റും ആന കുത്തിയാലും മറിയാത്ത കാഡര്‍ ഘടനയും പാര്‍ട്ടിയിലും പത്രത്തിലും ഇതര സമുദായ അംഗങ്ങളെ മുമ്പില്‍ നിര്‍ത്തിയിട്ടും കോണ്‍ക്രീറ്റിനെക്കാളും ഭദ്രമായ പ്രത്യയശാസ്ത്ര അടിത്തറയുണ്ടായിട്ടും സെക്യുലര്‍ സൊസൈറ്റിയില്‍ ജമാഅത്തിന്റെ സ്ഥാനം ഇന്നും വട്ടപൂജ്യമാണ്. ഈ ലേഖനം വന്ന പത്രത്തിന്റെ ഒന്നാംപേജില്‍ പളുങ്കുപോലെ പവിത്രമായ പാണക്കാട് കുടുംബത്തിലെ ഇന്നത്തെ നായകനെ അഴിമതിക്കാരനാക്കുന്ന ഫോട്ടോ പതിച്ച നെടുനീളന്‍ വാര്‍ത്തയും അകമ്പടിയായി മറ്റൊരു സൈഡ് സ്റ്റോറിയും കാച്ചിയ ജമാഅത്ത് പത്രത്തെ മാനേജ് ചെയ്യാന്‍ ലീഗിന് മാത്രമല്ല സാക്ഷാല്‍ ജമാഅത്ത് ശൂറക്കുപോലും സാധ്യമല്ലെന്ന് കാലം തെളിയിച്ചതാണ്.

സ്വന്തം സമുദായത്തിന്റെ കണക്ക് നിരത്തി അന്യ സമുദായത്തെ ഒതുക്കാനുള്ള കണക്കറിയാത്തതല്ല ലീഗിന്റെ പ്രശ്‌നം. ഇത്തരം കണക്ക് പറയലുകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളെയാണ് ലീഗ് ഭയപ്പെടുന്നത്. ഈ ലേഖനത്തില്‍ ഉന്നയിക്കുന്ന മറ്റൊരു വലിയ പരാതി ലീഗിന്റെ നേതൃസ്ഥാനത്ത് ഒരു സമുദായം മാത്രമാണെന്നാണ്. ‘ഒരേ മതത്തിലും ലിംഗത്തിലുംപെട്ടവര്‍ മാത്രം ഔദ്യോഗിക നേതൃസ്ഥാനങ്ങളിലുള്ള കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി മുസ്‌ലിംലീഗ് മാത്രമായിരിക്കും.’ സ്വന്തം ആദര്‍ശവും കര്‍മജീവിതവും മതചിഹ്നങ്ങളും മുറുകെപിടിച്ച് മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ അവര്‍ഗീയമായ ജീവിതം നയിക്കാമെന്ന് പ്രായോഗികമായി തെളിയിച്ചതാണ് മുസ്‌ലിംലീഗിന്റെ പ്രത്യേകതകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

പ്രമുഖ ചരിത്ര പണ്ഡിതനും മലപ്പുറം പരപ്പനങ്ങാടി താമസക്കാരനുമായ ഡോ. എം. ഗംഗാധരന്‍ ലീഗിനെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: ‘മറ്റ് മതേതര പാര്‍ട്ടികളില്‍നിന്ന് മുസ്‌ലിംലീഗിനെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകമുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വമുള്ള പാര്‍ട്ടി (അല്ലെന്നുള്ള വസ്തുത മറ്റൊരു കാര്യം) യെന്നതാണ് മറ്റ് സെക്യുലര്‍ പാര്‍ട്ടികളില്‍നിന്ന് ലീഗിനെ വേര്‍തിരിച്ച് നിര്‍ത്തുന്നത്. എന്നിട്ടും സെക്യുലര്‍ സ്വഭാവം ലീഗ് നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമായ സവിശേഷതയാണ്. (മാപ്പിള പഠനങ്ങള്‍ – പേജ് 74).

സമുദായത്തിന്റെ ന്യായമായ അവകാശ സംരക്ഷണത്തില്‍ യാതൊരു മുട്ടുവിറക്കലും മുസ്‌ലിംലീഗിനില്ല. വര്‍ഗീയ തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നിലപാടിന്റെ ഭാഗമാണ് ചില വിഷയങ്ങള്‍ സമുദായ പ്രശ്‌നമാണെന്ന് ലീഗിന് തോന്നാതിരിക്കാന്‍ കാരണം. ഇ-മെയില്‍ കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കൊല്ലന്റെ ആലയിലെ മുയലിനെപ്പോലെ ചിലര്‍ ഞെട്ടുന്നതില്‍ ലീഗിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

പ്രതിസന്ധി എത്ര രൂക്ഷമായാലും വര്‍ഗീയതയോടും തീവ്രവാദത്തോടും രാജിയായ പാരമ്പര്യവും ലീഗിനില്ല. ബാബ്‌രി മസ്ജിദിന്റെ പതനശേഷം പരാജയങ്ങളുടെ മാലപ്പടക്കം നിരന്തരം പൊട്ടിയിട്ടും ലീഗ് കാണിച്ച വിവേകമാണ് ഇപ്പോഴത്തെ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്.

പാണക്കാട് കുടുംബത്തിന്റെ മഹത്വം തകര്‍ത്തും ലീഗിന്റെ സംഘടിത ശക്തി ദുര്‍ബലപ്പെടുത്തിയും അധികാര രാഷ്ട്രീയം സ്വപ്‌നം കാണുന്നവര്‍ എന്നും സ്വപ്‌നലോകത്ത് ജീവിക്കേണ്ടി വരുമെന്ന് ഓര്‍ക്കുന്നത് സ്വന്തം വിഭവശേഷി നഷ്ടപ്പെടാതിരിക്കാനെങ്കിലും നല്ലതാണ്.