കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു കക്ഷിയാണ് സി.പി.എം .യഥാര്‍ഥത്തില്‍, യൂറോപ്പിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ മാതൃകയില്‍ ഒരു ഹിന്ദു ഡെമോക്രാറ്റിക് പാര്‍ട്ടിയായി നിലനില്‍ക്കാവുന്നതേയുള്ളൂ സി.പി.എമ്മിന്. അങ്ങനെ പ്രത്യക്ഷമായ രൂപാന്തരീകരണത്തിനുള്ള സൈദ്ധാന്തിക കെല്‍പും പ്രായോഗിക ധൈര്യവും സി.പി.എമ്മിനില്ല. എന്നാല്‍, പുറമേക്ക് തങ്ങളുടെ ഹിന്ദു സ്വത്വം മറച്ചുവെക്കുകയും അകമേ, അപകടകരമായ വലതുപക്ഷ, വംശീയ ബോധം കൊണ്ടുനടക്കുകയും ചെയ്യുന്നുവെന്നതാണ് സി.പി.എമ്മിന്റെ പ്രശ്നം. പ്രകടവും നിഷ്കളങ്കവുമായ ഹിന്ദു സ്വത്വത്തെക്കാള്‍ അപകടകരമാണ് അകമേ കൊണ്ടുനടക്കുന്ന ഈ വംശീയത. ജനകീയവും കീഴാളവുമായ ഹിന്ദു സ്വത്വത്തെയല്ല, സവര്‍ണവും കുടിലവുമായ വംശീയ ബോധത്തെയാണ് ഈ പരോക്ഷ ഹിന്ദു സ്വത്വം പ്രതിനിധാനംചെയ്യുന്നത്. ഈ പ്രവണതയാവട്ടെ, കേരളത്തിലെയോ ഇന്ത്യയിലെയോ കമ്യൂണിസ്റ്റുകളുടെ മാത്രം പ്രശ്നവുമല്ല. ലോകത്തെവിടെയാണെങ്കിലും കമ്യൂണിസം എപ്പോഴും ആധിപത്യ വംശീയതയുടെ കോടാലിക്കൈ ആയാണ് പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്. റഷ്യയിലും യുഗോസ്ളാവ്യയിലും സവര്‍ണ സ്ളാവ് വംശീയതയുടെ മേല്‍ക്കുപ്പായമായിരുന്നു കമ്യൂണിസം. ചൈനയില്‍ ഇപ്പോഴും അത് ഹാന്‍ വംശീയതയുടെ ചുകപ്പന്‍ കുപ്പായമാണ്.ശ്രീലങ്കയിലെ ജനതാ വിമുക്തി പെരമനയുടെ ചരിത്രം പരിശോധിച്ചാലറിയാം സിംഹള വംശീയതയുമായുള്ള അതിന്റെ സന്ധിബന്ധങ്ങള്‍ അതിനെ എങ്ങനെ ബാധിച്ചുവെന്ന്. അതുകൊണ്ടാണ്, കമ്യൂണിസത്തിന്‍െറ മേല്‍ക്കുപ്പായം അഴിയുകയോ കീറുകയോ ചെയ്യുന്ന മാത്രയില്‍ മതേതര/ഇടതുപക്ഷം എപ്പോഴും കുടിലരായ വംശീയവാദികളായി മാറുന്നത്. മാര്‍ഷല്‍ ടിറ്റോവിന്റെ ഗുരുകുലത്തില്‍ അഭ്യസിച്ച അദ്ദേഹത്തിന്‍െറ തൊട്ടടുത്ത അനുയായി സ്ളബദോന്‍ മിലോസവിച്ച്, ഹിറ്റ്ലര്‍ക്കു ശേഷം യൂറോപ്പ് കണ്ട ഏറ്റവും നരാധമനായ കൂട്ടക്കശാപ്പുകാരനായി മാറുന്നത് അങ്ങനെയാണ്. കുടിയേറ്റക്കാരെയും കറുത്തവരെയും സ്പാനിക്കുകളെയും മുസ്ലിംകളെയും അശുദ്ധരായി പരിഗണിക്കുന്ന യൂറോപ്പിലെ പുത്തന്‍ നവനാസിക്കൂട്ടങ്ങളിലേക്ക് ഇടതുയുവാക്കള്‍ എത്തിപ്പെടുന്നതിന്‍റയും മനശ്ശാസ്ത്രം അതാണ്. ഇതാകട്ടെ, ഇടതു സെക്കുലറിസത്തിന്റെ ആത്മീയദാരിദ്ര്യത്തിന്റെ കൂടി പ്രകടനമാണ്.ഇന്ത്യയിലെ കമ്യൂണിസം ബ്രാഹ്മണ കമ്യൂണിസമാണെന്ന ദലിത് ചിന്തകരുടെ വിശകലനങ്ങളും ശ്രദ്ധേയമാവുന്നത് ഇവിടെയാണ്. മുസ്ലിംകളെ അശുദ്ധരായി കാണുന്ന ബ്രാഹ്മണിസ്റ്റ് ആഢ്യബോധത്തിന്റെ പകര്‍പ്പുകള്‍ ഇടതുപക്ഷത്തില്‍ നമുക്ക് കണ്ടെടുക്കാനാവുന്നതും അതിനാല്‍ തന്നെ. മലപ്പുറത്തെ കുട്ടികള്‍ പരീക്ഷയില്‍ പാസാകുന്നത് കോപ്പിയടിച്ചിട്ടാണെന്നും മുസ്ലിംകള്‍ കേരളത്തില്‍ പെറ്റുപെരുകി ഇസ്ലാമിക രാഷ്ട്രമുണ്ടാക്കാന്‍ പോവുകയാണെന്നും സി.പി.എമ്മിന്റെ രൂപവത്കരണത്തില്‍ പങ്കാളിയായ സമുന്നതനായ ഒരു കമ്യൂണിസ്റ്റ് വെറുതെ പറഞ്ഞു പോകുന്നതല്ല; സി.പി.എമ്മിന്റെ ഉള്ളിലെ മുസ്ലിം വിരുദ്ധ വംശീയതയുടെ സ്വാഭാവികമായ തികട്ടല്‍ മാത്രമാണത്. കോഴിക്കോട്ടെ മാസികച്ചടങ്ങിലെ വേദിയില്‍ അലങ്കാര സാന്നിധ്യമായ ഐ.എന്‍.എല്‍ എന്ന സംഘടനയുടെ കാര്യമെടുക്കുക. കഴിഞ്ഞ 20 വര്‍ഷം സി.പി.എമ്മിനോടൊപ്പം നടന്നിട്ടും തങ്ങളുടെ മുന്നണിയില്‍ അവരെ എടുക്കാന്‍ സി.പി.എം ഇതുവരെയും മനസ്സ് കാണിച്ചിട്ടില്ല. സവര്‍ണ കൃസ്ത്യന്‍ പാര്‍ട്ടികളായ പി.ജെ. ജോസഫിൻറെ കേരള കോണ്‍ഗ്രസിനെയും ബി.ജെ.പിയോടൊപ്പം ഭരണത്തില്‍ പങ്കാളിയായ പി.സി. തോമസിന്‍റ കേരള കോണ്‍ഗ്രസിനെയും മുന്നണിയിലെടുക്കുമ്പോള്‍ ഉണ്ടാകാത്ത ശുദ്ധിബോധം ഐ.എന്‍.എലിൻറെ കാര്യത്തില്‍ മാത്രം ഉണ്ടാവുന്നത് ഈ മുസ്ലിംവിരുദ്ധ വംശീയതയുടെ കാരണത്താലാണ്.
മുസ്ലിംകളെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ സി.പി.എം ഇപ്പോഴും എല്‍.കെ.ജി യുക്തികള്‍ തന്നെയാണ് അവലംബിക്കുന്നത് എന്നതിന്‍റ സാക്ഷ്യം കൂടിയായിരുന്നു കണ്ണൂര്‍, കോഴിക്കോട് സമ്മേളനങ്ങള്‍. ഇടതുപക്ഷവുമായി ഏറ്റവും മികച്ച സംവാദ ബന്ധം നിലനിര്‍ത്താന്‍ കഴിയുന്ന മുസ്ലിംകളെപ്പോലും ശത്രുക്കളാക്കാന്‍ മാത്രമേ അത് ഉപകരിച്ചുള്ളൂ. മുസ്ലിംകളെ മുഖ്യധാരയിലത്തെിക്കാന്‍ സി.പി.എം പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. തിരിച്ചറിവ് നേടിയ, വമ്പിച്ച ബൗദ്ധിക സന്നാഹങ്ങളുള്ള പുതിയൊരു തലമുറ ആ സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. പിണറായി വിജയൻറെ സഹായമില്ലാതെ അവര്‍ അവരുടെ ദൗത്യം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്. പക്ഷേ, മുസ്ലിംകളുടെ മുഖ്യധാരയിലത്തൊന്‍ സി.പി.എം ഇനിയും ജനിച്ചിട്ടു വേണം എന്നതാണ് സത്യം.
(സ:പിണറായിക്ക് ജമാഅത്തിന്റെ മറുപടി)
കൂടുതൽ ഇവിടെ വായിക്കാം http://www.madhyamam.com/news/254416/131109
No comments:
Post a Comment